Menu

സങ്കീർത്തനങ്ങൾ 17

IRV

1 യഹോവേ, എന്‍റെ ന്യായമായ കാര്യം കേൾക്കേണമേ, എന്‍റെ നിലവിളി ശ്രദ്ധിക്കേണമേ. കപടമില്ലാത്ത അധരങ്ങളിൽനിന്നുള്ള എന്‍റെ പ്രാർത്ഥന ചെവിക്കൊള്ളേണമേ. 2 എനിക്കുള്ള ന്യായമായ വിധി തിരുസന്നിധിയിൽനിന്ന് പുറപ്പെടട്ടെ; അങ്ങേയുടെ കണ്ണുകൾ നേരായ കാര്യങ്ങൾ കാണുമാറാകട്ടെ. 3 അവിടുന്ന് എന്‍റെ ഹൃദയം പരിശോധിച്ചു; രാത്രിയിൽ എന്നെ സന്ദർശിച്ചു; എന്നെ പരീക്ഷിച്ചാൽ ദുരുദ്ദേശമൊന്നും കണ്ടെത്തുകയില്ല; എന്‍റെ അധരങ്ങൾ കൊണ്ടു ലംഘനം ചെയ്യുകയില്ല എന്നു ഞാൻ ഉറച്ചിരിക്കുന്നു . 4 മനുഷ്യരുടെ പ്രവൃത്തികൾ കണ്ടിട്ട് ഞാൻ അങ്ങേയുടെ അധരങ്ങളിൽനിന്നു പുറപ്പെടുന്ന വചനത്താൽ നിഷ്ഠൂരന്‍റെ പാതകളെ വിട്ടൊഴിഞ്ഞിരിക്കുന്നു. 5 എന്‍റെ നടപ്പ് അങ്ങേയുടെ ചുവടുകളിൽ തന്നെ ആയിരുന്നു; എന്‍റെ കാൽ വഴുതിയതുമില്ല. 6 ദൈവമേ, ഞാൻ അങ്ങേയോട് അപേക്ഷിച്ചിരിക്കുന്നു; അവിടുന്ന് എനിക്ക് ഉത്തരമരുളുമല്ലോ; ചെവി എങ്കലേക്ക് ചായിച്ചു എന്‍റെ അപേക്ഷ കേൾക്കേണമേ. 7 അങ്ങയെ ശരണമാക്കുന്നവരെ അവരോട് എതിർക്കുന്നവരുടെ കയ്യിൽനിന്ന് വലങ്കയ്യാൽ രക്ഷിക്കുന്ന യഹോവേ, അങ്ങേയുടെ അത്ഭുതകാരുണ്യം കാണിക്കേണമേ. 8 കണ്ണിന്‍റെ കൃഷ്ണമണിപോലെ എന്നെ കാക്കേണമേ; എന്നെ കൊള്ളയിടുന്ന ദുഷ്ടന്മാരും 9 എന്നെ വളയുന്ന പ്രാണശത്രുക്കളും എന്നെ പിടിക്കാതെ അങ്ങേയുടെ ചിറകിന്‍റെ നിഴലിൽ എന്നെ മറച്ചുകൊള്ളേണമേ. 10 അവർ അവരുടെ ഹൃദയം അടച്ചിരിക്കുന്നു; വായ്കൊണ്ട് അവർ വമ്പു പറയുന്നു. 11 അവർ ഇപ്പോൾ ഞങ്ങളുടെ കാലടികളെ പിന്തുടർന്ന് ഞങ്ങളെ വളഞ്ഞിരിക്കുന്നു; ഞങ്ങളെ നിലത്തു തള്ളിയിടുവാൻ ദൃഷ്ടിവക്കുന്നു. 12 കടിച്ചുകീറുവാൻ കൊതിക്കുന്ന സിംഹംപോലെയും മറവിടങ്ങളിൽ പതിയിരിക്കുന്ന ബാലസിംഹംപോലെയും തന്നെ. 13 യഹോവേ, എഴുന്നേറ്റ് അവനോട് എതിർത്ത് അവനെ തള്ളിയിടേണമേ. യഹോവേ, എന്‍റെ പ്രാണനെ അങ്ങേയുടെ വാൾകൊണ്ട് ദുഷ്ടന്‍റെ കൈയിൽനിന്ന് രക്ഷിക്കേണമേ. 14 തൃക്കൈകൊണ്ട് ലൗകികപുരുഷന്മാരിൽ നിന്നും വിടുവിക്കേണമേ; അവരുടെ ഓഹരി ഈ ആയുസ്സിൽ അത്രേ; അവിടുത്തെ സമ്പത്തുകൊണ്ട് അവിടുന്ന് അവരുടെ വയറു നിറയ്ക്കുന്നു; അവർക്ക് പുത്രസമ്പത്ത് ധാരാളം ഉണ്ട്; അവരുടെ സമ്പത്ത് അവർ കുഞ്ഞുങ്ങൾക്കായി സൂക്ഷിക്കുന്നു. 15 ഞാനോ, നീതിയിൽ അങ്ങേയുടെ മുഖംകാണും; ഞാൻ ഉണരുമ്പോൾ അവിടുത്തെ രൂപം കണ്ടു തൃപ്തനാകും.

Everything we make is available for free because of a generous community of supporters.

Donate